Loading...
Stella dhinakaran

ദൈവശക്തി പ്രാപിക്കുവിൻ!!

Sis. Stella Dhinakaran
02 Sep
എല്ലാ മനുഷ്യരും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ‘‘ദുർബലരോ’’ അല്ലെങ്കിൽ ‘‘നിരാശരോ’’ ആയിത്തീരുവാൻ സാധ്യതകൾ ഏറെയാണ്. ചിലർ നിരാശയുടെ ഉച്ചസ്ഥായിയിലെത്തുന്പോൾ, ജീവിതം അവസാനിപ്പിച്ചാലോ എന്നുപോലും ചിന്തിക്കുന്നു. എന്നാൽ അത്തരം ആളുകൾ കർത്താവായ യേശുക്രിസ്തുവിനോട് പ്രാർത്ഥിക്കുന്പോൾ അവൻ അവർക്ക് ശക്തി നൽകുകയും അവരെ സ്വതന്ത്രരാക്കുകയും ചെയ്യും. ആവർത്തനം 31:6 ഇപ്രകാരം പറയുന്നു: ‘‘ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.’’ മുൻപോട്ട് പോകുവാൻ ഒരു വഴിയും കാണാത്തപ്പോൾ ഒരു വഴി ഉണ്ടാക്കിത്തരുന്ന കർത്താവിനെ നാം എത്രമാത്രം വിശ്വസിക്കണം! നമ്മുടെ നിരാശയിൽനിന്ന് നമ്മെ പുറത്തുകൊണ്ടുവരുന്ന ദൈവത്തെ നാം എത്രമാത്രം വിശ്വസിക്കണം! ഇന്ന് നിങ്ങൾ ഏറ്റെടുക്കേണ്ട ജോലികളെക്കുറിച്ചോ നിങ്ങളെ പുറത്താക്കുവാൻ പ്രവർത്തിക്കുന്ന ആളുകളെക്കുറിച്ചോ നിങ്ങൾ ഭയപ്പെടുന്നുണ്ടോ? ദൈവം നിങ്ങൾക്കായി അവരോട് യുദ്ധം ചെയ്യുമെന്ന്  വാക്ക് നൽകിയിരിക്കുന്നു. അവൻ നിങ്ങൾക്കായി എല്ലാം ചെയ്യും.

ഒരു കുടുംബത്തിന്റെ തലവൻ ജോലിയിൽ വളരെ കഠിനാദ്ധ്വാനം ചെയ്തുവെങ്കിലും അയാൾക്ക്  സ്ഥാനക്കയറ്റം ലഭിച്ചില്ല. അതിനാൽ, മതിയായ വരുമാനമില്ലാതെ കുടുംബചിലവുകൾ നടത്തിക്കൊണ്ടുപോകുവാൻ അയാൾക്ക് വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. ഒരു ദിവസം, അയാൾ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. അപ്പോൾ കയ്യിൽ ഒരു ചെറിയ റേഡിയോയുമായി ഒരാൾ  വീടിനരികിലൂടെ കടന്നുപോയി. ‘‘കർത്താവ് നിങ്ങളുടെ കണ്ണുനീർ തുടച്ചുമാറ്റുകയും അവന്റെ കണ്ണിന്റെ കൃഷ്ണമണിപോലെ നിങ്ങളെ കാത്തുസൂക്ഷിക്കുകയും ചെയ്യും’’ എന്ന തമിഴ് ഗാനം ആ റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു. അത് കേട്ട അയാൾ ആ മനുഷ്യനെ വിളിച്ച് തന്റെ അരികിലിരുത്തി ആ ഗാനം മുഴുവൻ കേട്ടു. അതിനുശേഷം സഹോ. ഡി.ജി.എസ്. ദിനകരന്റെ സന്ദേശവും പ്രക്ഷേപണം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകൾ അയാളുടെ തകർന്ന ഹൃദയത്തിന് വളരെയധികം ആശ്വാസം നൽകി. റേഡിയോയുമായി വന്ന മനുഷ്യനും  തന്റെ ജീവിതത്തിൽ ദൈവസ്നേഹം പ്രാപിച്ചതിനെക്കുറിച്ച് വിശദീകരിച്ചു. ഉടനെ തന്നെ ആ കുടുംബനാഥൻ തന്റെ ജീവിതം കർത്താവിന് സമർപ്പിച്ചു. അവൻ ദൈവശക്തി പ്രാപിച്ചു. നിരാശയിൽനിന്നും അവൻ മുക്തിനേടി. കർത്താവിനാൽ അവൻ അനുഗ്രഹിക്കപ്പെട്ടു.
ഗിദെയോനെക്കുറിച്ച് നാം വേദപുസ്തകത്തിൽ വായിക്കുന്നു. അവൻ ദൈവത്തെ ഭയപ്പെട്ട ഒരു മനുഷ്യനായിരുന്നു. എന്നിട്ടും ദൈവം അവനെ വീരനായ മനുഷ്യൻ എന്നു വിളിച്ചു. ദൈവം അവനോടു: ‘‘നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നും രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു’’  എന്നുപറഞ്ഞു (ന്യായാധിപന്മാർ 6:14). താൻ അരുളിചെയ്തതുപോലെ ദൈവം ഗിദെയോന് വിജയം നല്കി. അതെ, അസാദ്ധ്യമായത് ചെയ്യുവാൻ ദൈവം നമ്മുടെ അരികിൽ ഉണ്ടാകണം. നിങ്ങൾക്ക് മുൻപോട്ട് പോകുവാൻ ഇപ്പോഴുള്ള ശക്തി മതിയെന്ന് ദൈവം ഇന്ന് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ‘‘നീ ഭയപ്പെടേണ്ട; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും’’ (യെശയ്യാവു 41:10). ‘‘അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു (യെശയ്യാവു 40:29) എന്ന വചനപ്രകാരം കർത്താവിന്റെ ശക്തിയാൽ നിങ്ങൾ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും (യെശയ്യാവു 40:31). ആകയാൽ എപ്പോഴും കർത്താവിന്റെ ശക്തിയിൽ മാത്രം ആശ്രയിപ്പിൻ!
Prayer:
കാരുണ്യവാനായ കർത്താവേ, 

അങ്ങയുടെ പാദത്തിൽ കാത്തിരുന്ന് അങ്ങയുടെ ശക്തി പ്രാപിപ്പാനും എപ്പോഴും അങ്ങയെ ഭയപ്പെട്ട്, അങ്ങയുടെ വഴികളിൽ നടക്കുവാനും എന്നെ സഹായിക്കേണമേ. എന്റെ എല്ലാ ബലഹീനതകളും അങ്ങ് മാറ്റി തരണമേ. വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ കർത്താവേ, അടിയൻ അങ്ങയിൽ ശരണം പ്രാപിക്കുന്നു. പിശാചിന്റെ എല്ലാ കെണികളിൽനിന്നും എന്നെ വിലക്കി കാത്തുകൊള്ളേണമേ. അങ്ങയുടെ ചിറകിൻകീഴിൽ എന്നെ മൂടിമറയ്ക്കേണമേ. 

സ്തുതിയും മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000