Loading...

താഴ്മയുള്ളവരായിരിപ്പിൻ!!

Shilpa Dhinakaran
25 Jan
താഴ്മക്ക് ഉത്തമ ഉദാഹരണമാണ് യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകിയ സംഭവം. ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായവൻ, തന്നെ ഏറ്റവും താഴ്ത്തി തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി. ഈ താഴ്മയെക്കുറിച്ചാണ്  വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നത്. നാം നമ്മെ താഴ്ത്തി നമ്മുടെ ജീവിതം കർത്താവിനായി സമർപ്പിക്കണം. അതിനായി നാം ശ്രമിക്കുന്പോൾതന്നെ കർത്താവ്  നമ്മെ അനുഗ്രഹിച്ച് ഉയർത്തുവാൻ തുടങ്ങും. മറ്റുള്ളവർക്ക് മുൻപാകെ നാം നമ്മെ താഴ്ത്തണം എന്ന് 1 പത്രൊസ്  5:5 പറയുന്നു. മറ്റുള്ളവർക്ക് മുൻപാകെ നിങ്ങളെ താഴ്ത്തുന്പോൾ ക്രിസ്തുവിന്റെ താഴ്മ നിങ്ങളിൽ പ്രതിഫലിക്കും. മറ്റുള്ളവർ നിങ്ങളിൽ ക്രിസ്തുവിനെ കാണും. 

എല്ലാ ദിവസവും പള്ളിയുടെ അൾത്താരയിൽപോയി മുടങ്ങാതെ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ബെൻ എന്ന ഒരു മനുഷ്യനെക്കുറിച്ച് ഒരു കഥയുണ്ട്. അവൻ എല്ലാ ദിവസവും പള്ളിയിൽ ചെന്ന്  ‘‘യേശുവേ, ബെൻ വന്നിരിക്കുന്നു’’ എന്ന് പറയും. അവൻ എന്നും ഇങ്ങനെ ചെയ്യുന്നത് ആ പള്ളിയിലെ വികാരി ശ്രദ്ധിച്ചുകൊണ്ടിരുന്നു. ചില മാസങ്ങൾ കടന്നുപോയി. ബെന്നിനെ പള്ളിയിൽ കാണാതായി. അവനെക്കുറിച്ച് വികാരി അന്വേഷിച്ചപ്പോൾ, അവൻ രോഗബാധിതനായി ആശുപത്രിയിലാണ് എന്ന് അറിഞ്ഞു. അദ്ദേഹം ആശുപത്രിയിൽ ചെന്നപ്പോൾ സഹായത്തിന് ആരുമില്ലാതെ അവൻ അവിടെ കിടക്കുന്നതാണ് കണ്ടത്. അവന്റെ അടുക്കൽ ഇരുന്ന്, നേരത്തെ അവനെ കാണുവാൻ വരാതിരുന്നതിന് അദ്ദേഹം ക്ഷമ ചോദിച്ചു. എന്നാൽ ബെൻ പുഞ്ചിരിയോടെ ഇപ്രകാരം പറഞ്ഞു: ‘‘വെളുത്ത അങ്കി ധരിച്ച ഒരാൾ എന്നും എന്നെ കാണുവാൻ വരും. അദ്ദേഹം എന്റെ അടുക്കൽ വന്നിരുന്ന്: ഹലോ ബെൻ, ഇത് യേശുവാണ്‘‘ എന്ന് പറഞ്ഞിട്ട് തിരികെ പോകും. ഞാൻ ഇവിടെ അഡ്മിറ്റായ അന്നുമുതൽ അദ്ദേഹം എന്നെ കാണുവാൻ വരുന്നുണ്ട്.’’
പ്രിയ സ്നേഹിതരേ, താഴ്മയുള്ള ഒരു ഹൃദയത്തെ ദൈവം ഇങ്ങനെയാണ് മാനിക്കുന്നത്. ദൈവം നിഗളികളോട് എതിർത്തു നിൽക്കുന്നു എന്ന് യാക്കോബ് 4:6 പറയുന്നു. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാമായി നിങ്ങൾ ക്രിസ്തുവിനെ കൈക്കൊള്ളുന്പോൾ ഈ ലോകത്തിലെ കഷ്ടതകൾ ഒന്നും നിങ്ങളെ തൊടുകയില്ല. ഈ ലോകത്തിൽ നിങ്ങൾക്കുള്ള സമ്പത്തോ ബിരുദങ്ങളോ അല്ല, ദൈവമുൻപാകെ നിങ്ങളെ താഴ്ത്തുന്പോൾ നിങ്ങൾ അനുഗൃഹീതരായിത്തീരും. യേശു ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘‘തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും’’ (മത്തായി 23:12). അതെ! തന്നെത്താൻ താഴ്ത്തുന്നവർക്ക് കർത്താവ് തീർച്ചയായും തന്റെ കൃപ നൽകും. ‘‘അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ’’ എന്ന്  1 പത്രൊസ്  5:6 പറയുന്നു. ആയതിനാൽ എപ്പോഴും താഴ്മയുള്ളവരും ദയയുള്ളവരുമായിരിപ്പാൻ ഓർമ്മിച്ചുകൊൾക! 
Prayer:
സ്നേഹവാനായ കർത്താവേ,

അങ്ങ് എനിക്ക് നൽകിയിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കായും ഞാൻ അങ്ങയെ സ്തുതിക്കുന്നു. ഈ ലോകത്തിൽ താഴ്മയോടുകൂടെ ജീവിക്കുവാനും അങ്ങയുടെ എല്ലാ അനുഗ്രഹങ്ങളും പ്രാപിക്കുവാനും എന്നെ സഹായിക്കേണമേ. ഞാൻ കടന്നു പോകുന്ന പാത അങ്ങ് അറിയുന്നുവല്ലോ. അങ്ങ് എന്നെ സഹായിക്കേണമേ. അങ്ങയുടെ നാമത്തിന് സാക്ഷിയായി എന്നെ മാറ്റേണമേ.

സ്തുതിയും മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000