Loading...
Stella dhinakaran

ഉത്തരമരുളുന്ന ദൈവം!!

Sis. Stella Dhinakaran
09 Jun
വേദപുസ്തകത്തിൽ സാരെഫാത്തിലെ വിധവയെക്കുറിച്ച് നാം വായിക്കുന്നു (1 രാജാക്കന്മാർ 17:9-15). ഒരു പിടി മാവും അൽപ്പം എണ്ണയും മാത്രമേ അവളുടെ പക്കൽ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അട ഉണ്ടാക്കി അവളും മകനും കഴിച്ചിട്ട് മരിക്കണം എന്ന ഉദ്ദേശത്തോടെ അവൾ വിറക് പെറുക്കുകയായിരുന്നു. പരിതാപകരമായ അവസ്ഥയിൽ ജീവിച്ചിരുന്ന അവളുടെ അടുത്തേക്കാണ് ദൈവം ഏലിയാവിനെ അയച്ചത്. അവൻ പട്ടണവാതിക്കൽ എത്തിയപ്പോൾ ഒരു വിധവ വിറകു ശേഖരിക്കുന്നതു കണ്ടു. അവൻ അവളെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘‘എനിക്ക് കുടിപ്പാൻ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവരേണമേ’’ എന്നുപറഞ്ഞു. അവ കൊണ്ടുവരുവാൻ പോകുമ്ബോൾ ഒരു കഷണം അപ്പവുംകൂടെ കൊണ്ടുപോരേണമേ’’ എന്ന് അവൻ പറഞ്ഞു. അതിന്നു അവൾ: ‘‘കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അൽപ്പം എണ്ണയും മാത്രമല്ലാതെ എനിക്കു ഒരു അപ്പവുമില്ല. ഞാൻ ഇതാ രണ്ടു വിറകു പെറുക്കുന്നു. ഇതു കൊണ്ടുചെന്നു എനിക്കും മകനുംവേണ്ടി ഒരുക്കി അതു ഞങ്ങൾ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു’’ എന്നു പറഞ്ഞു. ഏലിയാവു അവളോടു: ‘‘ഭയപ്പെടേണ്ട, ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാൽ ആദ്യം എനിക്കു ചെറിയൊരു അട ഉണ്ടാക്കിക്കൊണ്ടു വരിക; പിന്നെ നിനക്കും മകനും വേണ്ടി ഉണ്ടാക്കികൊൾക. യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീർന്നുപോവുകയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞു പോകയും ഇല്ല എന്നു യിസ്രായേലിന്്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു’’ എന്നുപറഞ്ഞു. അവൾ ചെന്നു ഏലിയാവു പറഞ്ഞതുപോലെ ചെയ്തു. അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തി കഴിച്ചു. യഹോവ ഏലിയാവിനോടു അരുളിച്ചെയ്തപ്രകാരം കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞു പോയതുമില്ല.

കുറച്ച് വർഷങ്ങൾക്ക് മുന്പ്, ഒരു ദിവസം ഞങ്ങളുടെ ചെറിയ കുടുംബത്തിന് മതിയായ അളവിൽ ഞാൻ ഭക്ഷണം തയ്യാറാക്കുകയായിരുന്നു. ആ സമയത്ത് എനെ്റ സഹോദരിയും എന്നോടൊപ്പം ഉണ്ടായിരുന്നു. പെട്ടെന്ന്, അപ്രതീക്ഷിതമായി ചില അതിഥികൾ വന്നു. എന്തുചെയ്യണമെന്നറിയാതെ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. പ്രാർത്ഥിച്ചുകൊണ്ട് അവർക്ക് ഞാൻ ഭക്ഷണം വിളന്പി. എന്തൊരു അത്ഭുതം! എല്ലാവരും തൃപ്തിയായി ഭക്ഷണം കഴിച്ചതിനുശേഷം പാത്രത്തിൽ ഭക്ഷണം ബാക്കിയുണ്ടായിരുന്നു. തന്നിൽ വിശ്വസിക്കുന്നവരെ ദൈവം ഒരിക്കലും ഉപേക്ഷിക്കുന്നില്ലെന്നത് നൂറു ശതമാനം സത്യമാണെന്ന് അന്ന് ഞാൻ മനസ്സിലാക്കി. ഞാൻ എങ്ങനെ ആ സാഹചര്യം കൈകാര്യം ചെയ്യുമെന്ന് ഉത്കണ്ഠയുണ്ടായിരുന്നു എന്ന്  എനെ്റ സഹോദരിയും ആശ്ചര്യത്തോടുകൂടെ എന്നോട് പറഞ്ഞു. അതെ, കർത്താവ് അതു ചെയ്തു. ഇതൊരു ചെറിയ സംഭവമാണ്. എന്നാൽ അന്ന് കർത്താവ് ചെയ്ത അത്ഭുതം ഞാൻ ഒരിക്കലും മറക്കുകയില്ല. അതെ! നിരാലംബരെയും വിധവകളെയും കണ്ണുനീർ ഒഴുക്കുന്ന അമ്മമാരെയും കൈകൊണ്ട്  അവരെ നയിക്കാൻ ദൈവത്തിന് കഴിയും. അതിനാൽ, നാം നിരാശരാകാതെ, തനെ്റ കർത്തവ്യത്തിൽ ഒരിക്കലും മാറാതെ നമ്മെ അനുഗ്രഹിക്കുന്നവനായ കർത്താവിങ്കലേക്ക് നോക്കുക.
അഞ്ച് അപ്പവും രണ്ട് മീനുംകൊണ്ട് അയ്യായിരം പേരെ പോഷിച്ച ദൈവം ഇന്നും ജീവിക്കുന്നു. അവൻ ഇന്നലെയും ഇന്നും എന്നും അനന്യനാണ് (എബ്രായർ 13:8). നിങ്ങളുടെ സാഹചര്യങ്ങളിൽ മാറ്റം വന്നേക്കാം. എന്നാൽ കർത്താവ് ഒരിക്കലും മാറുകയില്ല. ഒരു അത്ഭുതം പ്രതീക്ഷിക്കുക. അവൻ നിങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കും. കർത്താവിലും അവനെ്റ ശക്തിയിലും ബലപ്പെടുവിൻ എന്ന് വേദപുസ്തകം പറയുന്നു (എഫെസ്യർ 6:10). ജീവിതത്തിൽ തോൽവികൾ ഉണ്ടാകും. എന്നാൽ എല്ലാ കാര്യങ്ങളിലും കർത്താവിനെ അനുസരിക്കുക. അവനിൽ മാത്രം പ്രത്യാശ വെയ്ക്കുക. ഈ ലോകത്തിൽ കർത്താവിനോട് ചേർന്ന് ജീവിക്കുന്നതിനേക്കാളും മേന്മയേറിയത് ഒന്നുമില്ല. എത്രയേറെ കഷ്ടങ്ങൾ വന്നാലും കർത്താവിനെ ഇറുകെ പറ്റിപ്പിടിച്ചുകൊള്ളുക. അവൻ നിങ്ങളെ ഒരിക്കലും കൈവിടുകയില്ല. ‘‘ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി’’ (സങ്കീർത്തനം 118:5) എന്ന് സങ്കീർത്തനക്കാരനെപ്പോലെ പറയുവാൻ നിങ്ങൾക്കും കർത്താവ് ഇടയാക്കിത്തീർക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! 
Prayer:
കാരുണ്യവാനായ കർത്താവേ, 

അങ്ങ് എന്റെ എല്ലാ കഷ്ടതകളും അറിയുന്നുവല്ലോ. എന്റെ ഭാരങ്ങളെല്ലാം ഞാൻ അങ്ങയിൽ സമർപ്പിക്കുന്നു. എല്ലാവറ്റിൽ നിന്നും എനിക്ക് വിടുതൽ തരേണമേ. ഞാൻ കടന്നുപോകുന്ന പാതയ്ക്കായി സ്തോത്രം. അത് ഞാൻ അങ്ങയുടെ പാദത്തിൽ സമർപ്പിക്കുന്നു. അങ്ങ് എന്റെ ദുഃഖങ്ങളെല്ലാം മാറ്റി, മറ്റുള്ളവർക്ക് ആശ്വാസമേകുന്ന ഒരു പാത്രമായി എന്നെ മാറ്റേണമേ. അങ്ങയുടെ സ്നേഹം എന്നിലൂടെ മറ്റുള്ളവർക്ക്  വെളിപ്പെടുത്തിക്കാട്ടുവാൻ എന്നെ സഹായിക്കേണമേ. 
    
എല്ലാ മഹത്വവും ഞാൻ അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000