Loading...
Stella dhinakaran

കർത്താവിൽ വസിക്കുവിൻ!!

Sis. Stella Dhinakaran
15 Dec
അപ്പൊസ്തലനായ പൌലൊസ് തിമൊഥെയൊസിന് എഴുതിയ കത്തിലൂടെ എഫെസ്യയിലുള്ള ജനങ്ങളോട്, കർത്താവ് അവരോടുകൂടെ ഉണ്ടെന്നും അവർ കർത്താവിൽ സ്ഥിരതയുള്ളവരായി കാണപ്പെടണമെന്നും അവരെ പ്രോത്സാഹിപ്പിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും. നാം ദൈവകല്പനകളിൻപ്രകാരം നടക്കുമ്പോൾ കർത്താവ് നമ്മിൽ വസിക്കും. ‘‘നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്ന് അവൻ തന്റെ ആത്മാവിനെ തന്നതിനാൽ നാം അറിയുന്നു’’ എന്ന് 1 യോഹന്നാൻ 4:13 പറയുന്നു. 

നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ ഇങ്ങനെ ഒരു ആത്മീകഅനുഭവം വളരെ പ്രാധാന്യമുള്ളതാണ്. ‘‘ഞാനും പിതാവും ഒന്നാകുന്നു’’ എന്ന് യേശു പറഞ്ഞു (യോഹന്നാൻ 10:30). കൊമ്പിനോട് ചേർന്ന് വസിക്കുന്ന മുന്തിരിവള്ളിയെപ്പോലെ നാം കർത്താവിനോട് ചേർന്ന് വസിക്കണം (യോഹന്നാൻ 15:5). ഇത്ര വലിയ ദൈവീകാനുഗ്രഹം നിങ്ങൾ പ്രാപിച്ചിട്ടുണ്ടോ? ‘‘കർത്താവിനോട് പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവ് ആകുന്നു’’ (1 കൊരിന്ത്യർ 6:17). ഇന്ന് മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ വസിക്കുന്നുവോ? (കൊലൊസ്യർ 1:29).
എന്റെ ജീവിതം വളരെ ലഘുവായി ആരംഭിച്ചു. യൌവ്വനപ്രായത്തിൽ എന്റെ പ്രവൃത്തികൾക്ക് എന്റെ മാതാവ് എന്നെ ശകാരിക്കുമ്പോൾ, ദൈവം തന്റെ സ്നേഹത്താൽ എന്നെ ആശ്വസിപ്പിച്ചു. അവൻ എന്റെ ആത്മീക കണ്ണുകൾ തുറന്നു. ഇരുട്ടിൽനിന്ന് ക്രിസ്തുവിന്റെ വെളിച്ചം പ്രകാശിച്ചു (2 കൊരിന്ത്യർ 4:6). ദൈവം എന്നിൽ വസിച്ചപ്പോൾ ഞാൻ അവന്റെ ‘‘മകൾ’’ (2 കൊരിന്ത്യർ 6:16,18) ആയി മാറി. എന്നിലുണ്ടായ വ്യത്യാസം കണ്ടപ്പോൾ എന്റെ മാതാവ് അഭിമാനിച്ചു. വിവാഹശേഷം എന്റെ ഭർത്താവിന്റെ ഭക്തിയുള്ള ജീവിതം കണ്ട് ഞാൻ കൂടുതലായി വേദപുസ്തകം വായിക്കുവാനും പ്രാർത്ഥിക്കുവാനും തുടങ്ങി. അങ്ങനെ പരിശുദ്ധാത്മാവ് എന്നിൽ വരികയും ക്രിസ്തുവിൽ വസിക്കുന്ന അനുഭവം പ്രാപിക്കുകയും ചെയ്തു. എന്റെ ഭർത്താവിനോടൊപ്പം ഞാൻ സന്തോഷത്തോടെ ദൈവത്തെ സേവിച്ചു. ഇന്നും, എന്റെ വാർദ്ധക്യത്തിലും ക്രിസ്തു എന്നിലും ഞാൻ അവനിലും അവൻ എന്നിലും വസിക്കുന്നു. അങ്ങനെയുള്ള ഒരു ദൈവീക ജീവിതം നയിക്കുവാൻ കഴിയുന്നതോർത്ത് ഞാൻ സന്തോഷിക്കുന്നു. 

ഇന്ന്  നിങ്ങളുടെ കുറവുകൾ എല്ലാം ഏറ്റുപറഞ്ഞ്, ക്രിസ്തു നിങ്ങളിലും നിങ്ങൾ അവനിലും വസിക്കുന്ന ദൈവീക അനുഭവം പ്രാപിക്കുവാൻ നിങ്ങളെ ദൈവസന്നിധിയിൽ താഴ്ത്തി സമർപ്പിക്കാമോ? അങ്ങനെ നിങ്ങൾ ചെയ്യുമ്പോൾ തീർച്ചയായും കർത്താവ്  നിങ്ങളിൽ വസിക്കും. ‘‘യേശുക്രിസ്തു നിന്റെ ആത്മാവോടുകൂടെ ഇരിക്കട്ടെ’’ എന്ന്  2 തിമൊഥെയൊസ് 4:22 പറയുന്നു. പ്രിയ സ്നേഹിതരേ, ക്രിസ്തുവിൽ വസിച്ചുകൊണ്ട് അനുഗ്രഹിക്കപ്പെട്ടതും ഫലം കായ്ക്കുന്നതുമായ ജീവിതം നയിക്കുക. കർത്താവ് നിങ്ങളിൽ വസിക്കുമ്പോൾ നിങ്ങളുടെ ഉള്ളം അവർണ്ണനീയമായ സന്തോഷത്താൽ നിറയും. നിങ്ങളുടെ ജീവിതം സകലവിധങ്ങളിലും അനുഗ്രഹിക്കപ്പെടും.
Prayer:
സ്നേഹവാനായ കർത്താവേ, 

അങ്ങ് എന്റെ ഹൃദയത്തിൽ വന്ന് വാസം ചെയ്യേണമേ. അങ്ങയിൽ വസിപ്പാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ സന്തോഷം പ്രാപിച്ച് ജീവിക്കുവാൻ സഹായിക്കേണമേ. അതിന് തടസ്സമായിരിക്കുന്ന എല്ലാ കുറവുകളും എന്നിൽനിന്നും എടുത്ത് മാറ്റേണമേ. അങ്ങയുടെ സന്തോഷത്താൽ എന്റെ ജീവിതം പ്രഭാപൂരിതമാക്കി മാറ്റേണമേ. ദൈവീകസന്തോഷവും സമാധാനവും പ്രാപിച്ച് അങ്ങേയ്ക്കായി ഫലം കായ്ക്കുന്ന ജീവിതം നയിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ സാന്നിദ്ധ്യം എപ്പോഴും എന്നോടുകൂടെ ഉണ്ടായിരിക്കേണമേ. 

അങ്ങേയ്ക്ക് ഞാൻ എല്ലാ മഹത്വവും കരേറ്റുന്നു.

ആമേൻ.

1800 425 7755 / 044-33 999 000