Loading...
Dr. Paul Dhinakaran

ദൃഢമായ അടിസ്ഥാനം!!

Dr. Paul Dhinakaran
05 Nov
ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. എഫെസ്യർ 2:20

അനേക വർഷങ്ങൾക്ക് മുൻപ് ഒരു ഭൂമികുലുക്കമുണ്ടായി. ജപ്പാനിൽ ഒരു വലിയ ബംഗ്ലാവ് ഒഴികെ ബാക്കിയെല്ലാം തകർന്ന് തരിപ്പണമായി. ആ ബംഗ്ലാവ് പരിശോധിച്ച പുരാവസ്തുശാസ്ത്രജ്ഞന്മാർ അതിശയിച്ചുപോയി. അവിടെ മൂലക്കല്ല് സ്ഥാപിച്ചിരുന്നിടത്ത് ഒരു അസ്ഥിപഞ്ജരം കാണപ്പെട്ടു. അതിനടിയിൽ ചില സ്വർണ്ണനാണയങ്ങളും. ധനികനായ ഒരു മനുഷ്യൻ ഒരു കെട്ടിടം പണിയുന്പോൾ, തന്റെ വിശ്വസ്തനായ ഒരു വേലക്കാരനെ ജീവനോടുകൂടെ മൂലക്കല്ലായി കുഴിച്ചുമൂടുന്നത് അക്കാലത്തെ ഒരു ആചാരമായിരുന്നു. അവന്റെ മുകളിൽ ആ കെട്ടിടം പണിയപ്പെടും. ഇതായിരുന്നു അന്നത്തെ രീതി. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന വിശ്വസ്തനായ വേലക്കാരൻ ഒരിക്കലും കരയാറില്ലായിരുന്നു. പകരം അവൻ ഇപ്രകാരം പറയും: ‘എന്റെ യജമാനൻ എന്നെ വിശ്വസ്തനായി കണ്ടിരിക്കുന്നു. അതുകൊണ്ട് എന്റെ ജീവിതം ഞാൻ അദ്ദേഹത്തിനായി നൽകട്ടെ.’ ഒരു മനുഷ്യന്റെ ത്യാഗത്തിന്മേൽ ഒരു കെട്ടിടം ദൃഢമായി നിൽക്കുമെങ്കിൽ നിങ്ങൾക്കുവേണ്ടിയുള്ള യേശുവിന്റെ ത്യാഗം എത്ര വലിയതാണ്.
വേദപുസ്തകം പറയുന്നു: ‘‘ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു’’ (എഫെസ്യർ 2:20).

ദൈവപൈതലേ, യേശു നിങ്ങൾക്കുവേണ്ടി മൂലക്കല്ലായിത്തീർന്നിരിക്കുന്നു എന്നതാണ് വാസ്തവം. അവന്റെ ത്യാഗത്തിന്മേലാണ് നിങ്ങൾ പണിയപ്പെട്ടിരിക്കുന്നത്. അവന്റെ ത്യാഗത്തിന്മേലാണ് നിങ്ങൾ നിലനിൽക്കുന്നത്. ആകയാൽ ഒരു പ്രശ്നത്തിനും നിങ്ങളെ തകർക്കുവാൻ സാധിക്കുകയില്ല. ജീവിതത്തിലെ എല്ലാ കൊടുങ്കാറ്റുകളെയും അതിജീവിക്കുവാൻ നിങ്ങൾക്ക് സാധിക്കും. യേശു കാൽവരി കുരിശിൽ നിങ്ങൾക്കായി തന്നെ സമർപ്പിച്ചതിനാൽ, പിശാചിന്റെ തന്ത്രങ്ങളെ അതിജീവിച്ച് നിങ്ങൾക്ക് ഈ ലോകത്തിൽ ജീവിക്കുവാൻ സാധിക്കും.
Prayer:
കരുണാസന്പന്നനായ കർത്താവേ,

എന്നെയും അങ്ങ് നോക്കിപ്പാർക്കേണമേ. അങ്ങ് എപ്പോഴും എന്റെ ജീവിതത്തിന്റെ മൂലക്കല്ലായിരിക്കേണമേ. അങ്ങയുടെ ദൈവീകരക്ഷയുടെ അനുഭവം എനിക്ക് നല്കേണമേ. അങ്ങയുടെ ഹിതപ്രകാരം ജീവിപ്പാനും നിത്യജീവന് അവകാശിയായിത്തീരുവാനും എന്നെയും യോഗ്യനാക്കി തീർക്കേണമേ. എന്നിലുള്ള കുറവുകളെല്ലാം അങ്ങ് മാറ്റിത്തരേണമേ. ഈ ലോകത്തിൽ അങ്ങേക്ക് സാക്ഷിയായി ജീവിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ കരം എപ്പോഴും എന്നോടുകൂടെ ഉണ്ടായിരിക്കേണമേ.

എല്ലാ മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ.
 

For Prayer Help (24x7) - 044 45 999 000