Loading...
Dr. Paul Dhinakaran

ജീവനദിയായ ക്രിസ്തു!!

Dr. Paul Dhinakaran
09 Jan
പ്രിയപ്പെട്ടവരേ, കർത്താവായ യേശുക്രിസ്തുവാണ് ലോകത്തിന്റെ വെളിച്ചം. മനുഷ്യന്റെ പാപപങ്കിലമായ ജീവിതത്തിൽ നിന്നും അവനെ വിടുവിച്ച് നിത്യജീവനിലേയ്ക്ക് നടത്തുവാൻ കർത്താവിന് മാത്രമേ സാധിക്കുകയുള്ളൂ. ജീവന്റെ ഉറവിടം സ്രഷ്ടാവിൽ മാത്രമേയുള്ളൂ. ക്രിസ്തുവിനോടുകൂടെയല്ല നമ്മുടെ ജീവിതം എങ്കിൽ അതിൽ ജീവനില്ല. ദൈവത്തിന്റെ വെളിച്ചത്തിൽ നാം പ്രകാശം കാണുന്നു. അന്ധകാരം നിറഞ്ഞ നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുവാൻ കർത്താവിന് മാത്രമേ സാധിക്കുകയുള്ളൂ. സൂര്യനെ കാണുവാൻ നമുക്ക് മെഴുകുതിരികൾ ആവശ്യമില്ല. അതുപോലെ, ക്രിസ്തുവിന്റെ പ്രഭയാൽ നാം അവന്റെ വെളിച്ചം കാണുന്നു.

യോഹന്നാൻ 4:8-30 വരെയുള്ള വാക്യങ്ങൾ വായിക്കുമ്പോൾ യേശു ഒരു ശമര്യാ സ്ത്രീക്ക് അവളുടെ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത് നമുക്ക് കാണുവാൻ സാധിക്കും. ഒരു ദിവസം യേശുവും ശിഷ്യന്മാരും ശമര്യയിൽ എത്തി. യേശു വഴിനടന്നു ക്ഷീണിച്ചിട്ടു യാക്കോബിന്റെ ഉറവിന്നരികെ ഇരുന്നു. യേശുവിന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങൾ വാങ്ങുവാൻ പട്ടണത്തിൽ പോയിരുന്നു. വെള്ളം കോരുവാനായി അവിടെ വന്ന ഒരു സ്ത്രീയോട് യേശു സംസാരിക്കുവാൻ തുടങ്ങി. അവൾ ആരോടാണ് സംസാരിക്കുന്നതെന്ന് അവൾക്ക് അറിയില്ലായിരുന്നു. തന്നെക്കുറിച്ചുള്ള ജ്ഞാനത്താൽ അവളെ നിറയ്ക്കണമെന്ന് കർത്താവ് ആഗ്രഹിച്ചു. അവളിലൂടെ ആ പട്ടണത്തെ മുഴുവനും ദൈവം തന്നിലേക്ക് ആകർഷിച്ചു. ആ പട്ടണത്തെ രക്ഷിക്കുവാനായി ദൈവം ആ ശമര്യാ സ്ത്രീയെ തിരഞ്ഞെടുത്തു. 
‘‘ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും’’ എന്ന് യോഹന്നാൻ 8:12-ൽ യേശു പറയുന്നു. നമ്മുടെ ജീവിതം ലക്ഷ്യപ്രാപ്തിയിലെത്തുവാൻ, നിങ്ങൾ ജീവന്റെ വെളിച്ചം പ്രാപിക്കുവാൻ, നിത്യജീവന് അവകാശികളാക്കിത്തീരുവാൻ ക്രിസ്തുവിനെ നിങ്ങളുടെ രക്ഷകനായി സ്വീകരിക്കുക. അവനിൽ പൂർണ്ണമായും വിശ്വസിക്കുക. അപ്പോൾ അവൻ നിങ്ങളുടെ ജീവിതം പ്രഭാപൂരിതമാക്കിത്തീർക്കും. നിങ്ങളും ഈ അനുഭവം പ്രാപിക്കുമ്പോൾ, ജീവജലത്തിന്റെ ഉറവകൾ നിങ്ങളുടെ ഹൃദയത്തിൽ നിന്നും പുറപ്പെടും. ‘‘നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു’’ എന്ന്  സങ്കീർത്തനം 36:9 പറയുന്നു. ഈ വാഗ്ദത്തത്തിൽ വിശ്വസിച്ചുകൊണ്ട്, ദാഹത്തോടുകൂടെ, ദൈവീകാനുഗ്രഹങ്ങൾക്കായി നിങ്ങൾ കർത്താവിനോട് പ്രാർത്ഥിക്കുക. വറ്റിപ്പോകാത്ത ഉറവയായ യേശു ക്രിസ്തു നിങ്ങൾക്കായി കാത്തിരിക്കുന്നു. കർത്തൃപാദത്തിൽ നിങ്ങളെ പൂർണ്ണമായും സമർപ്പിക്കുക. കർത്താവ് നിങ്ങളെ ഉയർത്തും. നിങ്ങളുടെ ഹൃദയത്തിലേയ്ക്ക് അവൻ ജീവജലം പകരും. നിത്യവെളിച്ചമായ കർത്താവ് നിങ്ങളെ മുൻപോട്ട് നയിക്കും! 
Prayer:
സ്നേഹവാനായ പിതാവേ, 

അങ്ങ് ജീവജലത്തിന്റെ ഉറവയാകുന്നുവല്ലോ. കർത്താവേ, എന്റെ ജീവിതം മുഴുവനും ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അങ്ങയുടെ കൃപയാൽ എന്നെ നിറയ്ക്കേണമേ. എന്റെ നന്മകളെക്കുറിച്ച് കരുതലുള്ളവനായ അങ്ങയെ ഞാൻ സ്തുതിക്കുന്നു. കർത്താവേ, അങ്ങയിൽനിന്നും സകല അനുഗ്രഹങ്ങളും പ്രാപിച്ച് ഈ ലോകത്തിൽ സന്തോഷമായി ജീവിപ്പാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ കൃപകൾക്കായി ഞാൻ യാചിക്കുന്നു. ഇന്ന് അങ്ങയുടെ പാദത്തിൽ എന്നെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു. അങ്ങയുടെ സകല അനുഗ്രഹങ്ങളാലും എന്നെയും എന്റെ കുടുംബാംഗങ്ങളെയും നിറയ്ക്കേണമേ. എല്ലാ തിന്മകൾക്കും രോഗങ്ങൾക്കും ഞങ്ങളെ വിലക്കി കാത്തുകൊള്ളേണമേ.

അങ്ങ് എന്റെ പ്രാർത്ഥനയ്ക്കുത്തരം നല്കുന്നതിനായി സ്തോത്രം!

ആമേൻ.

1800 425 7755 / 044-33 999 000