Loading...
Dr. Paul Dhinakaran

ദൈവീക സംരക്ഷണം!!

Dr. Paul Dhinakaran
08 Jan
‘‘നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു’’ എന്ന്  നഹൂം 1:15 പറയുന്നു. വേദപുസ്തകപ്രകാരം ആരാണ് നിസ്സാരൻ? നിസ്സാരൻ എന്നാൽ ദുഷ്ടനെയാണ് സൂചിപ്പിക്കുന്നത്. ഇതിന് ആധാരമായി അനേക വചനങ്ങൾ വേദപുസ്തകത്തിൽ നമുക്ക് കാണുവാൻ സാധിക്കും. ‘‘മനുഷ്യർ സ്വസ്നേഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രീയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക’’ എന്ന് ദുഷ്ടന്മാരെക്കുറിച്ച് വേദപുസ്തകം പറയുന്നു. സങ്കീർത്തനം 10:2-11 വരെയുള്ള വാക്യങ്ങളിലും ഇങ്ങനെയുള്ളവരെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ളവരുടെ മദ്ധ്യത്തിൽ നാം വസിച്ചാലും നമ്മോടുകൂടെയുള്ള കർത്താവ് നമ്മെ കാത്തുപരിപാലിക്കും.

‘‘യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു’’ എന്ന് നഹൂം 1:7-ൽ എഴുതിയിരിക്കുന്നു. നിങ്ങൾ കർത്താവിൽ പൂർണ്ണമായും ആശയ്രിക്കുന്പോൾ അവൻ നിങ്ങളെ കാത്തുപരിപാലിക്കും. 

ഒരു ദൈവദാസൻ തെരുവുകളിൽ സുവിശേഷം പ്രസംഗിക്കുന്നത് ഒരു മന്ത്രവാദി കണ്ടു. അവന് അദ്ദേഹത്തോട് വളരെ ദേഷ്യംതോന്നി.  അവനും കൂട്ടുകാരും ചേർന്ന് ഒരു മൂർഖൻ പാമ്പിനെ ദൈവദാസന്റെമേൽ എറിഞ്ഞു. അവിടെ കൂടിയിരുന്നവരെല്ലാം പാമ്പിനെ കണ്ട് ഭയന്ന് ഓടി. എങ്കിലും അദ്ദേഹത്തിന് ദേഷ്യം തോന്നിയില്ല. ഈ മന്ത്രവാദി രക്ഷയുടെ വെളിച്ചത്തിങ്കലേക്ക് വരണമെന്ന് അദ്ദേഹം പ്രാർത്ഥിച്ചു. ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം ഒരു ചെറുപ്പക്കാരൻ ഒരു പെൺകുട്ടിയെ വശത്താക്കുവാൻ മന്ത്രം ചെയ്യുന്നതിനായി ഈ മന്ത്രവാദിക്ക് 500 രൂപ കൊടുത്തു. അയാൾ മന്ത്രവാദം ചെയ്യുവാൻ തുടങ്ങി. ആ നിമിഷം യേശു പ്രത്യക്ഷനായി ഇപ്രകാരം പറഞ്ഞു: ‘‘അവൾ എനിക്കുള്ളവളാണ്. അവളെ തൊടരുത്.’’ അവന്റെ ശരീരമാസകലം നടുങ്ങിവിറച്ചു. ദൈവഭക്തിയിൽ ജീവിച്ചിരുന്ന ആ പെൺകുട്ടിയെ തൊടുവാൻ ഒരു ദുഷ്ടശക്തിക്കും സാധിച്ചില്ല. അയാൾ യേശുവിൽ വിശ്വസിക്കുകയും ഒരു പുതിയ സൃഷ്ടിയായിത്തീരുകയും ചെയ്തു. ഇപ്പോൾ അയാൾ എല്ലായിടത്തും സുവിശേഷം പ്രസംഗിക്കുന്നു.
എത്ര മഹത്വകരമായ ഒരു രൂപാന്തരം! അന്ധകാരത്തിൽ ജീവിച്ചിരുന്ന ഒരു മനുഷ്യൻ യേശുവിനെ കണ്ടുമുട്ടിയ ഉടൻതന്നെ രൂപാന്തരപ്പെട്ടു. പ്രകൃതിദുരന്തങ്ങൾ, രോഗം, അന്ധകാര ശക്തികൾ എന്നിവ നിങ്ങൾക്ക് ചുറ്റുമുള്ളവരെ അടിച്ചമർത്തുമ്പോഴും നിങ്ങളോടുകൂടെയുള്ള കർത്താവ് നിങ്ങളെ സംരക്ഷിക്കും. കർത്താവ് നിങ്ങളെ സ്വതന്ത്രരാക്കും. പ്രിയപ്പെട്ടവരേ, നിങ്ങളും വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുമ്പോൾ നിങ്ങളെ തൊടുവാൻ ഒരു ദുഷ്ടശക്തിക്കും സാധിക്കുകയില്ല. ജീവിതത്തിൽ ക്രിസ്തുവിനെ പ്രതിഫലിക്കുന്നവരായി തീരുവിൻ! അനാവശ്യമായി നിങ്ങൾ ഭയപ്പെടേണ്ട ആവശ്യമില്ല. നിങ്ങളുടെ ആശങ്കകളും ഭയങ്ങളും എല്ലാം കർത്താവിൽ ഭരമേല്പിക്കുക. എല്ലാ പ്രശ്നങ്ങളെയും ധൈര്യസമേതം നേരിടുവാൻ കർത്താവ് നിങ്ങളെ സഹായിക്കും. കർത്താവിന്റെ സഹായത്താൽ നിങ്ങൾക്ക് എല്ലാവറ്റിലും ജയംനേടുവാൻ സാധിക്കും. ആകയാൽ ഭയപ്പെടാതിരിപ്പിൻ! 
Prayer:
സ്നേഹവാനായ കർത്താവേ, 

ഈ ലോകത്തിലെ തിന്മകളെ ഉപേക്ഷിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നല്കേണമേ. ഇന്നുമുതൽ എന്റെ ജീവിതത്തിൽ നന്മയും അങ്ങേയ്ക്ക് പ്രസാദവുമായുള്ള കാര്യങ്ങൾമാത്രം തിരഞ്ഞെടുക്കുവാൻ എന്നെ സഹായിക്കേണമേ. അങ്ങയെ അനുഗമിക്കുവാൻ എനിക്ക് കൃപ നല്കേണമേ. കർത്താവേ, എന്നെയും അങ്ങയുടെ സ്നേഹത്താൽ നിറച്ച്, വിശ്വാസവും പ്രത്യാശയുമുള്ള വ്യക്തിയായി ജീവിപ്പാൻ എന്നെ സഹായിക്കേണമേ. പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിപ്പാനും അങ്ങയുടെ സ്നേഹം മറ്റുള്ളവർക്ക് വെളിപ്പെടുത്തുവാനും എന്നെ സഹായിക്കേണമേ. എന്നെ പൂർണ്ണമായും അങ്ങയുടെ പാദത്തിൽ സമർപ്പിക്കുന്നു.

സ്തുതിയും സ്തോത്രവും അങ്ങേക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

1800 425 7755 / 044-33 999 000